Friday, May 4, 2012

നെഞ്ചില്‍ കനലുമായി മാലാഖമാര്‍ !


ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്ത് നേടിയ ഉന്നത വിദ്യാഭാസം നേഴ്സുമാരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടുന്നു.  

ബോണ്ടിന്റെ പേരില്‍ ഭീഷണിപ്പെടുത്തി, അടിച്ചുതളിക്കുന്ന ജോലിവരെ ചെയ്യിക്കുന്ന ദയനീയകാഴ്ചയാണ് ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്ട്രെയ്നിങ് എന്ന പേരില്‍ നോണ്‍ നേഴ്സിങ് ജോലികള്‍ ചെയ്യിക്കുന്നു. വീട്ടുജോലിക്ക് നില്‍ക്കുന്നവരേക്കാള്‍ കുറഞ്ഞ വേതനം നല്‍കുന്നു. 

മാനേജ്മെന്റിനെതിരെ ശബ്ദിക്കാതിരിക്കാന്‍ നേഴ്സുമാര്‍ വസ്ത്രം മാറുന്ന സ്ഥലത്തും വിശ്രമമുറികളിലും ഒളിക്യാമറ വച്ചതായും വെളിപ്പെട്ടിരിക്കുന്നു !!

രാത്രി ഷിഫ്റ്റടക്കം 15മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കുന്നു. കൂടാതെ, അടുത്തദിവസം രാവിലെ ജോലിക്ക് എത്തണമെന്നും നിഷ്കര്‍ഷിക്കുന്നു. നാല് രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതം പാലിക്കുന്നില്ല.   40 രോഗികളെവരെ ഒരു നേഴ്സ് പരിചരിക്കേണ്ടിവരുന്നു.  

പ്രസവാവധി ഒഴിവാക്കാന്‍ വിവാഹം കഴിഞ്ഞവരെ ജോലിക്കെടുക്കില്ല !  നേഴ്സുമാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നില്ല.

നേഴ്സിങ് കോളേജുകളില്‍ സീറ്റ് നിറയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു. പിന്നീട് കോഴ്സ് കഴിഞ്ഞശേഷം ബോണ്ട് വ്യവസ്ഥയില്‍ ജോലിക്കുനിര്‍ത്തും. മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയാകുന്നതില്‍  കൂടുതലും ദരിദ്രരും പാവപെട്ട കുട്ടികളും ആണ്.   നേഴ്സിങ് മേഖലയിലേക്ക് കടന്നുവരുന്നവരെ മാത്രമല്ല വര്‍ഷങ്ങള്‍ സര്‍വീസുള്ളവരെയും തുച്ഛശമ്പളം നല്‍കി പീഡിപ്പിക്കുന്നു

മുഖത്ത് പുഞ്ചിരിയും ഉള്ളില്‍ കനലുമായി എത്രകാലം  ഇവര്‍  "ഈ ആട് ജീവിതം" കരഞ്ഞു തീര്‍ക്കണം ?   ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുമായി ചേര്‍ന്ന് ഈ  മാലാഖമാരെ ക്രൂരമായി പീഡിപ്പിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു.  ഇവരുടെ കണ്ണീര്‍ തുള്ളികള്‍ ഈ ചൂഷകരുടെ മേല്‍ തീമഴയായി പെയ്യും...

Friday, April 27, 2012

I don't care...

I don't care...     ഇതാണ് വിമര്‍ശകരോടുള്ള മമതയുടെ മറുപടി.   ഒരിക്കല്‍ വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും 'കുരക്കുന്ന പട്ടികള്‍' എന്നും ആയമ്മ വിളിച്ചു.   ഇത് മമതയുടെ മാത്രം മനോഭാവം അല്ല.  ഇന്ന് രാജ്യം ഭരിക്കുന്നവരിലും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലും മഹാ ഭൂരിപക്ഷവും ഇത്തരം അധികാരത്തിന്റെ 'മത്ത്' (അതോ മമതയോ?)  തലക്ക് പിടിച്ചവര്‍ ആണ്.  

വെറും നേരിയ ഭൂരിപക്ഷത്തിന് ഭരണം നടത്തുന്ന കേരളത്തിലെ മന്ത്രിമാരും ഈ കൂട്ടത്തില്‍ ഉണ്ട്.  അടുത്തകാലത്താണ് മന്ത്രി കെ. ബാബു മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെ സംസാരിച്ചത്.  'ഹൈക്കോടതിയില്‍ സൗകര്യം ഉള്ളപ്പോള്‍ അപ്പീല്‍ കൊടുക്കും.  നിങ്ങള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോ' എന്ന്.  

പണവും അധികാരവും ഒത്തു ചേര്‍ന്നാല്‍ ഭ്രാന്ത് ആയി മാറുമോ ?    ആവാം.  പക്ഷെ, പ്രാധാന്യം അതിനല്ല.    രാജ്യം എങ്ങോട്ട് എന്ന ചോദ്യം,   ഓരോ ഭാരതീയന്റെ മനസ്സിലും ഇടിവെട്ടുന്നു.  അഴിമതികളും കൊടുംക്രൂരതകളും നിത്യവും കണ്ട്‌ അന്തം വിട്ടു നില്‍കുന്ന ഒരു ജനത.  രാഷ്ട്രീയത്തെയും നേതാക്കന്മാരെയും പകയോടെ, തികഞ്ഞ വെറുപ്പോടെ മാത്രം നോക്കി കാണുന്ന ഒരു ജനത.   മനുഷ്യ മനസ്സുകളില്‍ നിസ്സഹായത,  നിര്‍വികാരത, ഭയപെടുത്തുന്ന നിശബ്ദത....

ഇത് പ്രതികരിക്കാനുള്ള ജനങ്ങളുടെ കഴിവില്ലായ്മ ആണെന്ന് ധരിച്ച് അഹംകരിക്കുന്ന നേതാക്കന്മാര്‍....   ഇവരുടെ ഈ അഹങ്കാരം എത്രനാള്‍ തുടരാനാവും ?

ഒരു പൊട്ടിത്തെറിയിലേക്ക് രാജ്യം നീങ്ങുന്നു എന്ന് കാണുവാന്‍ അധികം ചരിത്രബോധം വേണമെന്നില്ല.   ചുറ്റുപാടും ഒന്ന് നോക്കിയാല്‍ മതി.   അമേരിക്കയിലും യുറോപ്പിലും പശ്ചിമേഷ്യയിലും, ആഫ്രിക്കയിലും ഒക്കെ പുക ഉയരുന്നത് കാണാന്‍ ആവും.  ഇതൊന്നും ഭാരതത്തിന്റെ മണ്ണില്‍ പച്ചപിടിക്കില്ല എന്ന് ആശ്വസിക്കുകയാണ് നമ്മുടെ നാട്ടിലെ കൊള്ളക്കാര്‍.   വീണ്ടും വീണ്ടും അവര്‍ ജനങ്ങളെ യഥേഷ്ടം കൊള്ളയടിക്കുകയും കബളിപ്പിക്കയും ചെയ്യുന്നു.  കേരളത്തിലെ അഴിമതി നടത്തുന്ന മന്ത്രിമാര്‍ തന്നെ പറയുന്നു "പരാതി ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കാം" എന്ന്.   എന്തൊരു ഔദാര്യം.  എത്ര സുതാര്യം... 

ഈ നിശബ്ദതയുടെ,  നിര്‍വികാരതയുടെ താഴെ പുകയുന്ന അഗ്നി പര്‍വതം ഉണ്ട്.   ജനങ്ങളുടെ, യുവതലമുറയുടെ, ക്രോധാഗ്നിയുടെ തിളയ്ക്കുന്ന ലാവ.  അത് എന്നാണ് പൊട്ടി വരുന്നത് ?  അപ്പോള്‍ രാജ്യത്തിന്റെ,  ജനാധിപത്യത്തിന്റെ ഭാവി എന്താകും ?  

അതുവരെ കാത്തിരിക്കണോ അതോ മാറ്റത്തിന് സ്വയം വിധേയമാവാണോ ?   തീരുമാനിക്കേണ്ടത് നിങ്ങള്‍ ആണ്.  നിങ്ങള്‍ മാത്രം. വെളിവോടെ, ഒരു നിമിഷം ചിന്തിക്കുവാന്‍ അധികാരം കയ്യാളുന്ന "ജനസേവകന്മാര്‍"  തയ്യാറാവണം.   ജനം ഇനിയും നിങ്ങളെ സഹിക്കാന്‍ തയ്യാറാവും.  സ്വയം തിരുത്തുക.  അല്ലെങ്കില്‍ അവര്‍ തിരുത്തും !

Saturday, April 21, 2012

അഗ്നി ചിറകുള്ളവള്‍ - ടെസി

അഗ്നി-5ന്റെ പരീക്ഷണവിജയത്തോടെ മിസൈല്‍രംഗത്ത്, റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സ്ഥാനം നേടിയിരിക്കുന്നു. 50 ടണ്‍ ഭാരമുള്ള ഈ മിസൈലിന് 1.1 ടണ്‍ ഭാരമുള്ള ആണവപോര്‍മുന വഹിക്കാന്‍ കഴിയും.  ഇതോടെ രാജ്യം ICBM CLUB ഇല്‍ അംഗമായി. 

 19 നു വ്യാഴാഴ്ച പുലര്‍വെളിച്ചത്തിലേക്ക് അഗ്നി-5 കുതിച്ചുയര്‍ന്നതോടെ മിസൈലിന്റെ മുഖ്യ ശില്‍പി  - "Missile Woman"  ടെസി തോമസിന്റെ കുടുംബവീടായ ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ വീട്ടില്‍ ആഹ്ലാദത്തിന്റെ പൂത്തിരി.  വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഉടന്‍ ആലപ്പുഴ വീട്ടിലേക്ക് വിളിച്ച് അമ്മ കുഞ്ഞമ്മയുമായി ആഹ്ളാദം പങ്കുവെയ്ക്കാന്‍ ടെസി മറന്നില്ല.  വ്യാഴാഴ്ച രാവിലെ വിക്ഷേപണം നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് അമ്മയെ വിളിച്ച് വിവരം അറിയിക്കുകയും പ്രാര്‍ഥിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. 

ജീവിത യാത്രയില്‍  ടെസിയും കുടുംബവും നിരവധി "അഗ്നിപരീക്ഷണങ്ങള്‍" നേരിട്ടിട്ടുണ്ട്. വെല്ലുവിളികള്‍ ഒന്നൊന്നായി മുന്നിലെത്തുമ്പോഴും പതറാതെ മുന്നേറാന്‍ ടെസിയെ പ്രാപ്തയാക്കിയതും അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച മനക്കരുത്താണ്. തോമസിന്റെയും കുഞ്ഞമ്മയുടെയും ആറുമക്കളില്‍ നാലാമത്തേതാണ് ടെസി.   ചെറുപ്പം മുതല്‍തന്നെ ടെസ്സിക്ക് കണക്കിലും ശാസ്ത്രത്തിലും താല്‍പര്യമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്ന് സ്റ്റഡി ടൂറായി തുമ്പയില്‍ പോയതിനു ശേഷമാണ് മിസൈലുകളെ കുറിച്ച് അറിയാനുള്ള താല്‍പര്യം വളര്‍ന്നത്‌. 20 വര്‍ഷംമുമ്പ് പിതാവ്  ടി ജെ തോമസ് മരിച്ചു. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന അദ്ദേഹം മരിക്കുന്നതിന് 18 വര്‍ഷംമുമ്പ് ഒരുവശം തളര്‍ന്ന് കിടപ്പായി. ആ സമയത്ത് മൂത്ത സഹോദരി  റൂബി പ്രീഡിഗ്രി വിദ്യാര്‍ഥിനിയാണ്. തുടര്‍ന്ന് പിതാവിന്റെ സഹോദരന്മാരുടെ സഹായത്താലാണ് കുടുംബം പുലര്‍ന്നതും  വിദ്യാഭ്യാസം നടത്തിയതും.  ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ഈ കാലമാണ് ടെസ്സിക്കും സഹോദരങ്ങള്‍ക്കും പഠിക്കാനും ഉയര്‍ന്ന നിലയിലെത്താനും പ്രചോദനമായത്.

 2011 നവംബര്‍ 15ന് അഗ്നി-4 വിജയകരമായി വിക്ഷേപിച്ചതിനുശേഷം അമ്മയുടെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ ഡിസംബര്‍ 8ന് ടെസ്സി ആലപ്പുഴയില്‍  എത്തിയിരുന്നു.  ടെസി എന്ന പേര് ലോകം അറിയുന്നു.  "അഗ്നിക്ക് ചിറകുനല്‍കിയവള്‍" എന്ന് ടെസി അറിയപ്പെടും.


Saturday, April 14, 2012

കലഹിക്കുന്നവരുടെ മുന്നണി !

മന്ത്രി ആര്യാടന്‍  രാജി ഭീഷണി മുഴക്കി !!   സത്യപ്രതിജ്ഞാ ചടങ്ങും മന്ത്രിസഭാ യോഗവും ബഹിഷ്കരിച്ച ആര്യാടന്‍,  ആന്റണിയെ വിളിച്ചാണ് രാജിസന്നദ്ധത അറിയിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ തുടരണമെന്ന് ആര്യാടനോട് ആന്റണി ആവശ്യപ്പെട്ടുപോലും. അഞ്ചാംമന്ത്രി പ്രശ്നത്തിലും വകുപ്പുമാറ്റത്തിലും കലാപക്കൊടിയുയര്‍ത്തി കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും യുഡിഎഫ് നേതാക്കളും പരസ്യമായി രംഗത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സ്ഥിതിയും  പരുങ്ങലിലായി.

ലീഗിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരനും, യുഡിഎഫിന് മുന്നറിയിപ്പുമായി മന്ത്രി ഷിബുബേബി ജോണും വന്നതോടെ രംഗം കൊഴുത്തു.  അഞ്ചാംമന്ത്രിയെ ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി കെ ബാബു പതുക്കെ പറഞ്ഞു.   പക്ഷെ മുസ്ലിംലീഗിന് അഞ്ചാംമന്ത്രിക്ക് അവകാശമില്ലെന്ന് പി ജെ കുര്യന്‍ എംപി തുറന്നടിച്ചു.

ഇതിനിടെ, രാജ്യസഭാ സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും കടിപിടി  തുടങ്ങി.  മന്ത്രി ഗണേശനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിച്ചതായി പിള്ള ഗ്രൂപ്പ്.   കെപിസിസിയെ അറിയിക്കാതെ മന്ത്രിമാരുടെ വകുപ്പുമാറ്റം നടത്തിയതില്‍ പ്രതിഷേധിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ നീക്കം ശക്തമാക്കി. വകുപ്പുമാറ്റത്തില്‍ തന്നെ ഇരുട്ടില്‍നിര്‍ത്തിയതില്‍ എഐസിസിയെ പ്രതിഷേധം അറിയിച്ച കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുമായി തീര്‍ത്തും അകല്‍ച്ചയിലാണിപ്പോള്‍.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവകുപ്പ് നല്‍കിയതിലും ചെന്നിത്തല ക്ഷുഭിതനാണ്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ച രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി ജോസഫും മാണിയും തമ്മിലുണ്ടായ തര്‍ക്കം കൂനിന്മേല്‍ കുരുവായി. ജോയി എബ്രഹാം ആയിരിക്കും സ്ഥാനാര്‍ഥിയെന്നാണ് മാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആര്‍ക്ക് സീറ്റ് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തിരിച്ചടിച്ച മന്ത്രി ജോസഫ്,  ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി അവകാശം ഉന്നയിച്ചു.   ജോസഫിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് വിപ്പ് പി സി ജോര്‍ജ്, ജോസഫിന്റെ അവകാശവാദം പുശ്ചിച്ചു തള്ളി.

അഞ്ചാംമന്ത്രിയെ കിട്ടിയതിന്റെ പേരില്‍ ലീഗ് കൂടുതല്‍ അഹങ്കരിക്കരുതെന്നാണ് കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രിയെ നല്‍കിയതിനെതിരെ തിങ്കളാഴ്ച എഐസിസിക്ക് പരാതി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.  2004ലെയും 2006ലെയും അനുഭവം മറക്കരുതെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

പിറവം തെരഞ്ഞെടുപ്പു വിജയം വിനയായി മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഷിബു ബേബിജോണ്‍ പറഞ്ഞത്.  പിറവം വിജയത്തോടെ യുഡിഎഫ് നേതാക്കള്‍ അഹങ്കാരികളായി മാറിയെന്നും അദ്ദേഹം സ്വയം വിമര്‍ശനം നടത്തി.    കഷ്ടം !

താന്‍ രാജിക്കൊരുങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.  ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയത് ആത്മഹത്യാപരമാണെന്ന നിലപാടില്‍ മാറ്റമില്ല.  ആര് ജാഥ നടത്തിയാലും തനിക്ക് പറയാനുള്ളത് പറയുമെന്നും ആര്യാടന്‍ പ്രഖ്യാപിച്ചു.  മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എറ്റെടുക്കുന്നതായി  ഉമ്മന്‍ചാണ്ടി.   എന്തെല്ലാം ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണം.  പാവം മുഖ്യന്‍.   എങ്ങനെ കഴിഞ്ഞതാ !! 

Friday, April 6, 2012

വേദനിക്കുന്ന കോടീശ്വരന്‍ !

അലി അഞ്ചാം മന്ത്രിയാകാത്തതിനാല്‍ കേരളത്തില്‍ ജനം വളരെ അധികം ബുദ്ധിമുട്ടുന്നു.   അതിനാല്‍ അദ്ധേഹത്തെ ഉടന്‍ മന്ത്രിയാക്കണം.  പക്ഷെ ബുദ്ധിമുട്ട് ജനത്തിനാണോ അല്ലഎന്നതാണ് വാസ്തവം.  ബുദ്ധിമുട്ട് അലിക്ക് തന്നെ.   അലിയുടെ വിഷമം മാറ്റേണ്ട ചുമതല ലീഗിനുണ്ട്‌.   കാരണം അലി കോടീശ്വരന്‍ ആണത്രേ !   ജനങ്ങളെ സേവിക്കാന്‍ അവസരം കിട്ടാതെ,  വേദനിക്കുന്ന കോടീശ്വരന്‍ !

CPMകാര്‍  മന്ത്രി ആക്കിയില്ല.   അതിനാല്‍ മന്ത്രിയാകാന്‍ വേണ്ടി മാത്രം ലീഗില്‍ വന്നതാണ്.  അപ്പോള്‍ ലീഗ് കൈവിടുന്നത് ശരിയാണോ

രാഷ്ട്രീയ പാരമ്പരിയവും സാമൂഹിയ പ്രതിബധ്ധതയും ഒന്നും ഇല്ലെങ്കിലും ആള് സുന്ദരനും സമ്പന്നനും ആണ്.   അതുമതി, അതുമതി.  ലീഗില്‍ അത് ധാരാളം.   പക്ഷെ UDF ന്  അത് മതിയോ ?  അലി മന്ത്രി ആയാല്‍ UDF നാറുമെന്നു ചില ആദര്‍ശവാന്മാര്‍ക്ക് സംശയം.   അവരുടെ ഉടക്ക് മാറ്റാന്‍ HIGH COMMAND ഇടപെടും പോലും.    ഇടപെടണം.   എന്നാലേ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ചവര്‍ മന്ത്രിസഭ എന്നപേരില്‍ ലോകം മുഴുവന്‍ അറിയപ്പെടൂ !!





Thursday, April 5, 2012

പിറവം ആണോ നെയ്യാറ്റിന്‍കര ?

CPM ല്‍ നിന്ന് രാജി വെച്ച സെല്‍വരാജ് ആദ്യം പറഞ്ഞത് UDF ല്‍ ചേരുന്നത് ആത്മഹത്യാപരം എന്നാണ്.   അങ്ങനെ പറയാന്‍ എന്താണ്  കാര്യം ?    ഒരു പഞ്ചായത്തില്‍ പോലും അറിയപെടാതിരുന്ന വ്യക്തി ആയിരുന്നു സെല്‍വരാജ്.   അദ്ദേഹത്തെ അറിയപെടുന്ന നേതാവ് ആക്കിയത് CPM എന്ന പാര്‍ടി ആണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.  ആ പാര്‍ട്ടിയെ പെട്ടെന്ന് തള്ളി പറയാന്‍ അദ്ദേഹത്തിനു ആകുമായിരുന്നില്ല.  അതുകൊണ്ടാണ് ആത്മഹത്യാപരം
എന്ന വാക്ക് ഉപയോഗിക്കേണ്ടിവന്നത്.

പണവും, മരുമകന് ഉദ്യോഗവും, MLA സ്ഥാനവും,  അങ്ങനെ പലതും നേടികൊണ്ടായിരുന്നു വിദ്വാന്റെ രാജിയെന്ന് പിന്നത്തെ പ്രസ്താവനകള്‍ തെളിയിച്ചു.   ഉമ്മന്‍ ചാണ്ടിയും, പി. സി. ജോര്‍ജും വഹിച്ച നെറികെട്ട,   രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ഒന്നൊന്നായി പിന്നീട് പുറത്തു വന്നു.   കൊണ്ഗ്രെസ്സ് നേതാക്കന്മാരും NSS ഉം SNDP ഉം ഒക്കെ ഈ  രാഷ്രീയ ആഭിചാരത്തിനെതിരെ രംഗത്തുവന്നു.

കേരള ജനതയാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍.   പ്രത്യേകിച്ച് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍.  പിറവം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കുമോ ?    പാടില്ല, പാടില്ല എന്ന് കേരളീയ മന:സാക്ഷി
പറയുന്നു.   നമുക്ക് നോക്കാം.